Tuesday, 20 November 2012

നാഡി ജ്യോതിഷം.. വിശ്വസിച്ചാലും ഇല്ലെങ്കിലും..

ഇന്നലെ എന്റെ ഒരു ഫെയിസ്ബുക്ക് സുഹൃത്ത് നാഡി  ജ്യോതിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു... അദ്ദേഹത്തിനു അതിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അത് അറിയാന്‍ താല്പര്യമുള്ള ധാരാളം പേര്‍ ഉണ്ടാകുമെന്ന് കരുതിയാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്..ഇതിനെ എതിര്‍ക്കുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടാകുമെന്ന് അറിയാം.. എന്നാലും എന്റെ അനുഭവം ആണ് ഇവിടെ കുറിക്കുന്നത്.:

പലരില്‍ നിന്നും പല ബുക്കുകളില്‍ നിന്നും നാഡി ജ്യോതിഷത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതൊന്നു പരീക്ഷിക്കണമെന്ന് തോന്നിയിരുന്ന  സമയത്താണ് പത്രത്തില്‍ നിന്നും നാഗര്‍കോവിലില്‍ ഉള്ള  കണ്ണന്‍ & കുലോത്തുങ്ങന്‍ എന്നീ  സഹോദരങ്ങളെക്കുരിച്ചു  അറിയാന്‍ ഇടയായത്.. ആ നമ്പരില്‍ വിളിച്ചു അപ്പോയിമെന്റ് എടുത്തു.അവര്‍ ‍ പേര് ചോദിച്ചപ്പോള്‍ ശരിക്കുള്ള പേരും  സ്ഥലവും ഒന്നും അല്ല പറഞ്ഞിരുന്നത്.കാരണം ഇനി അവര്‍ നമ്മുടെ വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിയാന്‍ വല്ല ആളെയും  വിട്ടാലോ എന്നൊരു ചിന്തയും ഇല്ലാതിരുന്നില്ല.

എന്റെ ഹസ്ബന്റിന്റെ  സഹോദരന്റെ ഭാര്യ  അവരുടെ വിവാഹത്തിനു മുന്‍പ്  രാമേശ്വരത്തിനടുത്ത് വൈതതീശ്വരന്‍  കോവിലില്‍ പോയി നാഡി  ജ്യോതിഷം നോക്കിയിരുന്നു. അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരാണ് . എന്നാല്‍  കുടുംബത്തിന്റെ ബെയിസ് തിരുവനന്തപുരത്തും.വിവാഹം താമസിക്കുന്നതുകൊണ്ടാണ് അവര്‍ നാഡി  ജ്യോതിഷം നോക്കാന്‍ പോയത്..അന്ന് അവരോടു  ജ്യോതിഷന്‍ പറഞ്ഞത്രേ  അകന്ന ബന്ധത്തില്‍ ഉള്ള ഒരാളാകും കല്യാണം കഴിക്കുക. അയാള്‍ക്ക്‌ 2 പേരുകള്‍ ഉണ്ടാകും. അതില്‍ ഒന്ന് ഗുരുവായൂരപ്പന്റെ പേരാകും എന്ന്. എന്റെ ഹസ്‌ബന്റിന്റെ  സഹോദരന്റെ പേര് സുഭാഷ് എന്നാണ് .. പെറ്റ് നെയിം  കണ്ണന്‍ എന്നും. അവരുടെ അകന്ന ബന്ധു ആണ് ഈ കുടുംബം...ഇതൊക്കെ കേട്ടപ്പോള്‍ ആണ് എനിക്കും അറിയാന്‍ ആഗ്രഹം തോന്നി തുടങ്ങിയത്.

അപ്പോയിമെന്റ് കിട്ടിയ ദിവസം ഞാനും ഹസ്ബന്റും പറഞ്ഞ സമയത്ത് തന്നെ അവിടെത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല അപ്പോയിമെന്റ് അനുസരിച്ച് മാത്രമേ ആളിനെ കാണുകയുള്ളൂ..ഞങ്ങള്‍ ചെന്ന ഉടന്‍തന്നെ എന്റെ ഇടത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഹസ്‌ബന്റിന്റെ വലത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഒരു വെള്ള പേപ്പറില്‍ മഷിയില്‍ മുക്കി  എടുത്തു.. നമ്മള്‍ വിരല്‍  അടയാളം എടുക്കുന്നപോലെ..ഇതില്‍ നിന്നും ആണ് നമ്മുടെ ഏട് കണ്ടെത്തുന്നത്..12 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇത്തരത്തില്‍ വിരലടയാളം എടുക്കൂ.. നമ്മള്‍ ഓരോരുത്തരുടെയും  തമ്പ്  ഇംപ്രഷന്‍ വ്യത്യാസമായിരിക്കും.ഈ ലോകത്തില്‍ അത് നമ്മള്‍ക്ക് മാത്രമേ കാണൂ.. അതാകുമല്ലോ പണ്ട് കാലങ്ങളില്‍ വിരലടയാളം പതിക്കുന്നതിന്റെ കാരണവും..

നാഡി  ജ്യോതിഷം പല വിഭാഗം ഉണ്ട്. അഗസ്ത്യ നാഡി  ആണ് ഇവര്‍ നോക്കുന്നത്. പിന്നെ ശിവ നാഡി ഉണ്ട്.. പണ്ടുകാലത്തെ മഹാ മുനിമാര്‍ ഈ ലോകത്തിലെ സകലരുടെയും ജാതകം ഈ വിധത്തില്‍ എഴുതി വച്ചിട്ടുണ്ടാത്രേ..  ആത്മാവ് ഇങ്ങനെ പല ശരീരങ്ങളില്‍ മാറി മാറി വരികയല്ലേ.അപ്പോള്‍ ഈ  ജന്മത്തിലെ എന്റെ ജാതകം കഴിഞ്ഞ ജന്മത്തില്‍ മറ്റൊരാളിന്റെതായിരിക്കും...ഇനി അടുത്ത ജന്മത്തില്‍ മറ്റൊരാളിന്റെതും.. മനുഷ്യരുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആത്മാവിന്റെ എണ്ണത്തില്‍ മാറ്റമില്ലത്രേ.

ഏട് കണ്ടെത്താനാണ്‌ സമയം എടുക്കുന്നത്..നമ്മുടെ തമ്പ്  ഇംപ്രഷനുമായി സാമ്യമുള്ള കുറെ ഏടുകളുടെ കെട്ടുകളുമായി അവര്‍ നമുക്ക് മുന്നിലെത്തും.എന്നിട്ട് അത് വായിച്ചു തുടങ്ങും..അച്ഛന്റെ പേര്, അമ്മയുടെ പേര്, സഹോദരങ്ങളുടെ എണ്ണം ജോലി ഇതൊക്കെയാണ് ഏട് കണ്ടെത്തുന്നതിനായി അവര്‍ വായിക്കുന്നത്. പേരുകള്‍ മുഴുവനായി ആകില്ല പറയുക.. ഓരോരോ അക്ഷരങ്ങള്‍ കണ്ടെതതിയാകും അവസാനം ഒരു പേരാക്കുക.ഇതിനെക്കുറിച്ച്‌ ഒരു ധാരണ മുന്നേ തന്നെ ഉണ്ടായിരുന്നത് കാരണം "ആണ്, അല്ല" എന്നീ  ഉത്തരങ്ങള്‍ മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്നും അവര്‍ക്ക് കിട്ടിയുള്ളൂ..കാരണം ഞങ്ങള്‍ അവരെ പരീക്ഷിക്കാന്‍ ആയിരുന്നല്ലോ അവിടെ പോയത്..

പലപ്പോഴും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ശരിയായി വരും.. സഹോദരങ്ങളുടെ എണ്ണം തെറ്റും.. അപ്പോള്‍ അത് നമ്മുടെ അല്ല എന്നര്‍ത്ഥം ..  എന്റെ ഏട് കണ്ടെത്തി.പല കെട്ടുകള്‍ നോക്കിയിട്ടും എന്റെ ഹസ്ബന്റിന്റെ ഏട് അവര്‍ക്ക് കണ്ടെത്താനായില്ല  .. അവസാനം ഒരു കേട്ട് താളിയോലകള്‍ മാത്രം അവശേഷിച്ചു.അതില്‍ക്കൂടി ഇല്ല എങ്കില്‍ 15 ദിവസം കഴിഞ്ഞു വരണമെന്ന് അവര്‍ പറഞ്ഞു. കാരണം ഇതൊക്കെ അവരുടെ പല പല കുടുംബങ്ങളില്‍ ആയി 15 ദിവസത്തില്‍ ഒരിക്കല്‍ മാറിക്കൊണ്ടേ ഇരിക്കുമത്രേ.  നമുക്ക് ആ ഏട് കാണുന്നതിനുള്ള സമയം ( യോഗം) ആയാല്‍ മാത്രമേ നമുക്ക് അത് കിട്ടുകയുള്ളൂ..നാഡീ  ജ്യോതിഷം എന്നത്തിന്റെ അര്‍ഥം തേടി വരുന്ന ജ്യോതിഷം എന്നാണത്രേ. നമുക്ക് ആ യോഗം എത്തുമ്പോള്‍ നമ്മള്‍ അത് തേടി അവിടെത്തും.. നമ്മള്‍ അവിടെ എത്തുന്ന സമയത്ത് നമ്മുടെ വയസ്സ് എത്രയെന്നു കൃത്യമായി ആ ഏടില്‍ പറഞ്ഞിരിക്കും. എന്തായാലും ആ അവസാന കെട്ടില്‍ ഹസ്ബന്റിന്റെ  ഏട് ഉണ്ടായിരുന്നു..നമ്മുടെ മാതാപിതാക്കളുടെയും നമ്മുടെയുമൊക്കെ പേരുകളും നാളുമൊക്കെ പറഞ്ഞു കേട്ടപ്പോള്‍ പരീക്ഷിക്കാന്‍ പോയ ഞങ്ങള്‍ക്ക് ഒന്നും പരീക്ഷിക്കേണ്ട എന്നായി.ഏടിനെക്കുരിച്ചു കൂടു
തല്‍ അറിയാനുള്ള ആഗ്രഹവും തുടങ്ങി..

ഞങ്ങളുടെ ഭൂത കാലവും, വര്‍ത്തമാന കാലവും വളരെ ശരിയായിരുന്നു. ഭാവി കാലം പക്ഷെ  അതില്‍ പറയുന്നപോലെ ഒന്നും നടന്നില്ല ഏട് നോക്കിയിട്ടുള്ള പലരും അത് പറയുന്നുണ്ട്.പക്ഷെ എന്റെ അടുത്ത ഒരു ബന്ധുവിന് അവന്റെ ഭാവിയെക്കുറിച്ച് പറഞ്ഞ മിക്കതും നടക്കുന്നുണ്ട്..നമ്മളുടെ  കര്‍മഫലം ഭാവിയെ ബാധിക്കും എന്നാണു അവര്‍ പറയുന്നത്. അതുകൊണ്ടാണ് പലപ്പോഴും ഭാവി കാര്യങ്ങള്‍ മാറിപ്പോകുന്നതത്രേ.

പിന്നെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് അറിയാന്‍ ശാന്തി കാണ്ഡം നോക്കി.നമ്മള്‍ എവിടെയാണ് ജീവിച്ചിരുന്നതെന്നും, എന്തൊക്കെയാണ് കാട്ടി കൂട്ടിയതെന്നുമൊക്കെ അതില്‍ അറിയാന്‍ കഴിയും. ...  കഴിഞ്ഞ ജന്മത്തില്‍  നമ്മള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുമായി അടുത്ത് ബന്ധമുള്ള പ്രശ്നങ്ങള്‍ ആകും നമുക്ക് ഈ ജന്മത്തില്‍  അനുഭവിക്കേണ്ടി വരിക നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് അറിയാമല്ലോ.നമുക്ക് തന്നെ ഒരു സ്വയം വിശകലനം നടത്തി അതില്‍ ഒരു തീരുമാനത്തില്‍ എത്താനാകും.. ഞങ്ങള്‍ക്ക് 2 പേര്‍ക്കുമുള്ള പ്രശ്നങ്ങള്‍  കഴിഞ്ഞ ജന്മത്തിലെ ഞങ്ങളുടെ പ്രവര്‍ത്തികളുമായി വളരെ അടുത്ത് ബന്ധമുള്ളതുതന്നെ ആയിരുന്നു.. പരിഹാരവും പറയുന്നുണ്ട്..പക്ഷെ ഇത്തരത്തില്‍ പാപം ഇല്ലാത്ത ജാതകനാണെങ്കില്‍ പരിഹാരം നോക്കേണ്ട .നേരത്തെ ഞാന്‍ സൂചിപ്പിച്ച ബന്ധുവിന് ശുദ്ധ ജാതകമാണ്.  അവനു ശാന്തികാണ്ഡം  നോക്കേണ്ട  ആവശ്യമില്ല എന്ന് ജ്യോതിഷന്‍ പറഞ്ഞു.

എന്റെ അടുത്ത ഒരു സുഹൃത്ത് ഞങ്ങളുടെ ഈ അനുഭവം കേട്ടിട്ട് ഇവരെ കാണാന്‍ പോയി. അവളുടെ  പ്രശ്നം കല്യാണം മാറി പ്പോകുന്നതായിരുന്നു.. ഇക്കാര്യം ജ്യോതിഷിയോട് പറഞ്ഞിരുന്നുമില്ല. പക്ഷെ ഏടില്‍ കഴിഞ്ഞ ജന്മം എടുത്തപ്പോള്‍ കണ്ടത് അന്നത്തെ അവളുടെ മുഖ്യ ജോലി കല്യാണം മുടക്കല്‍ ആയിരുന്നത്രെ. പിന്നെങ്ങനെയാണ് ഈ ജന്മത്തില്‍ കല്യാണം നടക്കുക. അവസാനം കുറെ പരിഹാരങ്ങള്‍ ഒക്കെ ചെയ്തു.കഴിഞ്ഞപ്പോള്‍  കല്യാണം നടന്നു.

ജ്യോതിഷികള്‍ തമിഴില്‍ ആകും പറയുക. താളിയോലയില്‍ കൊടും തമിഴ് ആണ്. അവര്‍ അല്‍പ്പം  മയപ്പെടുത്തി എല്ലാര്‍ക്കും മനസ്സിലാകുന്ന തമിഴില്‍ പറയും.. നമ്മുടെ ഏട് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഏട് വയനയാണ് . അത് റെക്കോര്‍ഡു  ചെയ്തു കാസറ്റില്‍  ആക്കി തരും.ഓരോ കാണ്ഡത്തിനും അന്ന് 150 രൂപ ആയിരുന്നു. ഇപ്പോള്‍ 250 ലും കൂടി കാണും.നമുക്ക് അറിയേണ്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാണ്ഡങ്ങള്‍ ഉണ്ട്. വിവാഹം, ജോലി, കുട്ടികള്‍ അങ്ങനെ എല്ലാം.

നമുക്ക് ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒറ്റവാക്കില്‍ പറയാം മുഴുവനും തട്ടിപ്പാണെന്ന്.പക്ഷെ തട്ടിപ്പ് കണ്ടു പിടിക്കാന്‍ പോയ ഞങ്ങള്‍ക്ക് മനസ്സിലായത്‌ നമുക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്നതാണ്.. ഏട് അതിലെ ഏറ്റവും ചെറിയ ഒരു കാര്യം.. ഇതുപോലെ എന്തെല്ലാം...പക്ഷെ ഇതിന്റെ പേരില്‍ മുതലെടുക്കുന്നവരും ഉണ്ടാകാം. അവരെ കണ്ടെത്തണം.അല്ലാതെ ഒന്നും മനസ്സിലാക്കാതെ എല്ലാം പറ്റിപ്പുകള്‍ എന്ന് പറയുകയല്ല വേണ്ടത്..

No comments:

Post a Comment