Tuesday, 20 November 2012

എന്റെ ദീപാവലി ഓര്‍മ്മകള്‍..

ചുറ്റും പടക്കങ്ങളുടെ കാത്  പൊട്ടിക്കുന്ന ശബ്ദമാണ് ഇപ്പോള്‍....ഞാന്‍ പൊതുവേ പടക്കങ്ങളോ  പൂത്തിരികളോ ഒന്നും  വാങ്ങാറില്ല. അതിനു പിന്നില്‍ എന്നെ ഭയപ്പെടുത്തുന്ന ഓരോര്‍മയുണ്ട്. ...എനിക്ക് പടക്കത്തിന്റെ ശബ്ദം  പേടിയാണ്..അതിന്റെ ശബ്ദം കുഞ്ഞുന്നാളില്‍ എന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്‌.. ദീപാവലി എന്ന് കേള്‍ക്കുമ്പോഴേ ഞാന്‍  പേടിച്ചു വിറക്കുമായിരുന്നു..എന്റെ നാട്ടില്‍ ദീപാവലിക്ക് ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ പടക്കം പൊട്ടിച്ചു തുടങ്ങും..നാട്ടിന്‍ പുറമാണ്..ചുറ്റും ബന്ധുക്കളാണ് താമസിക്കുന്നത്.  അവിടെയൊക്കെ എന്റെ സമപ്രായക്കാരും ധാരാളം ഉണ്ട്.അവരൊക്കെ ധീരന്മാരും ധീരകളുമാണ്. കയ്യില്‍ പൂത്തിരി വച്ച് കത്തിക്കുന്നവര്‍..സ്വന്തമായി പടക്കം പൊട്ടിക്കുന്നവര്‍. അവരുടെ മുന്നില്‍ ഞാന്‍ വെറും പേടിച്ചു തൂറി പെണ്ണ്.

ദീപാവലി അടുത്താല്‍ സന്ധ്യ സമയത്തും രാവിലെയും ഞാന്‍ വീടിനു പുറത്തിറങ്ങില്ല.ആ സമയത്താണ് പടക്കം പൊട്ടിക്കല്‍ ചടങ്ങുകള്‍ അരങ്ങേറുന്നത്.എന്റെ  ഈ പ്രശ്നങ്ങള്‍ അറിയാവുന്ന സമപ്രായക്കാരായ  കസിന്‍സ് എന്റെ തലവെട്ടം കാണാന്‍ കാത്തു നില്‍ക്കും.. പടക്കം പൊട്ടിക്കാന്‍ ..അതും പടക്കത്തിന്റെ  ശബ്ദം കൂട്ടാന്‍ വേണ്ടി  അതിനു മുകളില്‍  വലിയ പാത്രം കമഴ്ത്തി വച്ചു പൊട്ടിക്കും.. എനിക്ക് പടക്കത്തിന്റെ ശബ്ദം മാത്രമല്ല പൊട്ടിക്കുന്നു എന്ന തോന്നല്‍ പോലും പേടി ഉണ്ടാക്കും. എന്റെ ശരീരമൊക്കെ  അപ്പോള്‍ തണുപ്പാകും.. ആ ദിവസങ്ങളില്‍ ഞാന്‍ ബന്ധു വീടുകളുടെ  പരിസരത്ത് പോലും പോകാറില്ല..

വെടിയുള്ള അമ്പലങ്ങളില്‍ ഒന്നും ഞാന്‍ ആ സമയത്ത് പോകില്ലായിരുന്നു. എന്റെ ഈ പേടി കാരണം എന്റെ വീട്ടില്‍ മാത്രം പൊട്ടുന്ന പടക്കങ്ങള്‍ വാങ്ങില്ല പൂത്തിരിയും തറച്ചക്രവുമൊക്കെ മാത്രം. അതും എനിക്ക് പേടിയാണ്. തലയില്‍ കൂടി പുതപ്പു മൂടി ജനലരികത്ത് നിന്ന് ഒളിഞ്ഞു നോക്കിയാണ്  ഞാന്‍ ഇവയൊക്കെ  കാണുന്നത്. ഇനി എങ്ങാനും ഇവയങ്ങു പൊട്ടിയാലോ..അതൊക്കെ കൊണ്ട് തന്നെ ദീപാവലി നാള്‍ എപ്പോഴും എന്റെ പേടി സ്വപ്നമായിരുന്നു.

പിന്നെ ദീപാവലി ദിവസങ്ങളിലുള്ള എണ്ണ  തേച്ചു കുളി.. അത് നല്ല രസമാണ്.. സാധാരണ മറ്റെല്ലാ ദിവസങ്ങളിലും  വീട്ടിലാണ് കുളിക്കേണ്ടത്..ആ ദിവസം പക്ഷെ വീടിനു മുന്നിലുള്ള തോടില്‍ കുളിക്കാനുള്ള അനുവാദമുണ്ട്..അവിടെ ഞങ്ങള്‍ക്ക് മാത്രമായി ഒരു ചെറിയ കടവുണ്ട്..നല്ല ശുദ്ധമായ വെള്ളവും.ഭാഗ്യത്തിന് ആ പരിസരത്ത് ആള്‍ താമസം ഇല്ലാത്തതുകാരണം എനിക്ക് പടക്കത്തെയും പേടിക്കേണ്ട..

ദീപാവലി നാളില്‍  ഞങ്ങളുടെ നാട്ടില്‍ എല്ലായിടങ്ങളിലും നോണ്‍.വെജിറ്റെറിയന്‍ ആഹാരം ആണ്  കഴിക്കാറ് പതിവ്. എന്നാല്‍ എന്റെ വീട്ടില്‍ മീന്‍ ഒഴികെ മറ്റൊന്നും ഉപയോഗിക്കില്ല അതുകാരണം നല്ല വെജിറ്റെറിയന്‍  ആഹാരമേ ഉണ്ടാകൂ..വിവാഹത്തിനു ശേഷം എന്റെ ഹസ്ബന്റു ഈ ദിവസം അവരുടെ വീട്ടില്‍ അമ്മ ഉണ്ടാക്കുമായിരുന്ന  സ്പെഷ്യല്‍ മട്ടന്‍ കറിയെപ്പറ്റി  പറയാറുണ്ട്‌. ഈ ദിവസമാകും അപ്പോഴൊക്കെ കോഴിയെയും ആടിനെയുമൊക്കെ കഴിക്കുക.. ദീപാവലി എത്താന്‍ വേണ്ടിയുള്ള  കാത്തിരിപ്പാകുമത്രേ അവര്‍ക്ക്..

 ആദ്യമൊക്കെ ഞാന്‍ രണ്ടു കാതിലും കൈ കൊണ്ട് പൊത്തി പിടിച്ചാണ് അമ്പലങ്ങളില്‍ പോകാറുള്ളത്..അമ്പലത്തിന്റെ പരിസരത്ത് എത്തുന്നതിനു മുന്‍പേ തന്നെ ഈ ചടങ്ങ് ആരംഭിച്ചിരിക്കും. എന്നിട്ട്  വെടി  പൊട്ടിക്കുന്ന  ആളിനെ നോക്കി നിന്ന് തൊഴാറാണ്  പതിവ്..അയാള്‍ എവിടെയാണ് നില്‍ക്കുന്നതെന്നു അറിയാനുള്ള പരതിയുള്ള എന്റെ നോട്ടം ഇപ്പോഴും ഓര്‍മയുണ്ട്.. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ അറിയാതെ ചിരിച്ചുപോകും  ഇവരൊക്കെയാണ് ആ പ്രായത്തിലെ എന്റെ പേടി സ്വപ്‌നങ്ങള്‍.. ഞങ്ങളുടെ വീടിനു അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലെ വെടി  വയ്പ്പുകാരനോട് ഞാന്‍ അമ്പലത്തില്‍ നിന്നും പോയ ശേഷമേ വെടി  പൊട്ടിക്കാവൂ എന്ന് അഭ്യര്‍ത്ഥിക്കാറുണ്ടായിരുന്നു..എന്റെ മുഖത്തെ ദയനീയത കണ്ടാകും അയാള്‍ അത് അനുസരിക്കുകയും ചെയ്യുമായിരുന്നു .  വെടി ശബ്ദത്തോടുള്ള  എന്റെ  പേടി മാറിയത്  ആറ്റുകാല്‍ അമ്പലത്തില്‍ സ്ഥിരമായി  പോയി തുടങ്ങിയ ശേഷമാണ്. അവിടെ എപ്പോഴും വെടി  ശബ്ദമല്ലേ..ഇപ്പോള്‍ പടക്കം പൊട്ടിക്കുന്നതൊക്കെ  നോക്കി നിന്ന് കാണാറുണ്ട്‌ ഞാന്‍ .. എന്റെ ഈ ധൈര്യം കണ്ടു കഴിഞ്ഞ ദിവസം ആറ്റുകാല്‍ അമ്പലത്തില്‍ പോയപ്പോള്‍ എന്റെ ഹസ്ബന്റു  ചോദിച്ചു നിന്റെ പടക്ക പേടിയൊക്കെ മാറിയോ എന്ന്  -- ഞാന്‍ ഇപ്പോള്‍ ഒരു ധീരവനിതയല്ലേ എന്ന് മറുപടിയും കൊടുത്തു..

നമ്മുടെ പല ഫോബിയകളും ( അകാരണ ഭയം  ) നമുക്ക് ഈ രീതിയില്‍ മാറ്റിയെടുക്കാം..പേടിയുള്ള കാര്യങ്ങള്‍ സ്ഥിരമായി ചെയ്യാന്‍ ശ്രമിക്കുക  -- ആദ്യം പേടിയോടെ -- പിന്നെ  അല്‍പ്പം ധൈര്യത്തോടെ. അങ്ങനെ  പതുക്കെ പതുക്കെ അത് മാറിക്കോളും.പലര്‍ക്കും ഇരുട്ടിനെ പേടിയാണ്.പിന്നെ പാറ്റ , ചിലന്തി.... അതുപോലെ ലിഫ്റ്റില്‍ കയറാന്‍ പേടിയുള്ളവര്‍.. എനിക്കും ആദ്യകാലങ്ങളില്‍ തനിയെ ലിഫ്റ്റില്‍ കയറാന്‍ പേടിയായിരുന്നു..പേടി കാരണം ഫ്ലാറ്റുകളിലെ 11 നിലകള്‍ ഒക്കെ ഞാന്‍ നടന്നു കയറി ആ ഫ്ലാറ്റ് റൂമില്‍ എത്തുമ്പോള്‍ അതെപറ്റി ആരെങ്കിലും ചോദിച്ചാല്‍  ആരോഗ്യകരമായ ജീവിതത്തിനു നടത്തയുടെ  ആവശ്യകതയെ കുറിച്ച് അവിടെയുള്ളവര്‍ക്ക്  ഞാന്‍  ക്ലാസുകള്‍ എടുക്കുമായിരുന്നു . അവരോടു പറയാന്‍ പറ്റില്ലല്ലോ എനിക്ക് പേടിയായിട്ടാണ്  ഇത്രയും നിലകള്‍ ഞാന്‍ നടന്നു കയറിയതെന്ന്.. പക്ഷെ സ്ഥിരമായി ലിഫ്റ്റില്‍ കയറേണ്ട സാഹചര്യം വന്നപ്പോള്‍ ആ പേടിയൊക്കെ മാറി..അങ്ങനെ ഈ ദീപാവലി നാളില്‍ എന്റെ ഈ ലേഖനം വായിച്ചു ആര്‍ക്കെങ്കിലുമൊക്കെ  ധൈര്യം വരുന്നെങ്കില്‍ വന്നോട്ടെന്നേ ..

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ആവലിയായ ഈ ഉത്സവനാളിന്റെ ഉത്ഭവത്തെപ്പറ്റി ഐതിഹ്യങ്ങള്‍ ഏറെയാണ്‌. ശ്രീരാമന്‍ 14വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ പുതുക്കലിനായാണ്   ദീപാവലി ആഘോഷിക്കുന്നത്  എന്നും അതല്ല ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് ഈ ഉത്സവം എന്നുമോക്കെയാണ് കഥകള്‍. ഐതിഹ്യങ്ങള്‍ എന്തുതന്നെയായാലും ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി ദിനം  ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിയിച്ചും  പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും  ആഘോഷമായ  ദീപാവലി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേപേരിലും മറ്റുഭാഷകളില്‍ ദിവാലി എന്ന പേരിലും ആചരിക്കുന്നു.

നമ്മുടെ കേരളത്തില്‍ തന്നെ ഓരോ ജില്ലയിലും ദീപാവലി ആഘോഷങ്ങള്‍ വ്യത്യസ്തമാണ്..തിരുവനന്തപുരത്
ത് പടക്കവും പൂത്തിരിയും കൊളുത്തി ആഘോഷിക്കുമ്പോള്‍ കണ്ണൂരില്‍ പടക്കങ്ങള്‍ ഇല്ലാതെയാണ് ആഘോഷം.. പാലക്കാട് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍  മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഗംഭീരമായി ആഘോഷിക്കുമ്പോള്‍ മറ്റു ചില ജില്ലക്കാര്‍ക്ക് ദീപാവലി ദിനത്തില്‍  ആഘോഷങ്ങളെ  ഇല്ലത്രേ.

പൂത്തിരിയും പടക്കങ്ങളും  പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ മനുഷ്യരുടെയും പക്ഷി മൃഗാദികളുടെയും ആരോഗ്യത്തിനും പ്രകൃതിക്ക് തന്നെയും ഹാനികരമാണെന്ന്   ആരോഗ്യ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.. പടക്കങ്ങള്‍ക്ക് വില നാള്‍ക്കുനാള്‍   കൂടുന്നുണ്ടെങ്കിലും  അവയുടെ ഉപയോഗത്തിന് യാതൊരു കുറവും ഉണ്ടാകുന്നില്ല..ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ  പാര്‍ട്ടികളുടെ വിജയാഘോഷങ്ങള്‍ക്കും, പുതുവല്‍സരാഘോഷങ്ങള്‍ക്കും  ഒഴിച്ചുകൂടാനാവാത്ത വസ്തുവായി പടക്കം മാറിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ഉത്സവ സീസണുകളില്‍  എത്രപേരാണ് പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ചു മരിച്ചു എന്നോ അല്ലെങ്കില്‍  അംഗവൈകല്യം വന്നു എന്നോ  പറഞ്ഞു നമ്മള്‍ പത്രങ്ങളില്‍ വായിക്കാറുള്ളത്‌.അതുകൊണ്ട് തന്നെ പ്രകൃതി സ്നേഹികളും മനുഷ്യ സ്നേഹികളുമായ ഒരു വലിയ വിഭാഗം ആള്‍ക്കാര്‍   നിയമം മൂലം ഇതിന്റെ ഉപയോഗം കുറയ്ക്കുകയോ അല്ലെങ്കില്‍ നിര്‍ത്തലാക്കുകയോ ചെയ്യണം എന്നു   പറയുന്നുണ്ട്..

എന്നിരുന്നാലും പൂത്തിരിയുടെയും  ഇടിഞ്ഞില്‍ വിളക്കുകളുടെയും സൌന്ദര്യം ദീപാവലിക്ക് ഒഴിച്ചുകൂടാന്‍  പറ്റാത്തത് തന്നെയാണ്. ദീപാവലിയുടെ  പ്രകാശം നമ്മിലുണ്ടാക്കുന്ന ഊര്‍ജവും എടുത്തു പറയത്തക്കതാണ്.  ദുഷ്ടതക്ക് മേല്‍ ഉള്ള നന്മയുടെ വിജയം എന്നും ഐശ്വര്യം നിറഞ്ഞതും പ്രകാശ പൂരിതവുമാകട്ടെ എന്ന് നമുക്ക് ആശിക്കാം...

No comments:

Post a Comment