Tuesday 20 November 2012

നാഡി ജ്യോതിഷം.. വിശ്വസിച്ചാലും ഇല്ലെങ്കിലും..

ഇന്നലെ എന്റെ ഒരു ഫെയിസ്ബുക്ക് സുഹൃത്ത് നാഡി  ജ്യോതിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു... അദ്ദേഹത്തിനു അതിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ അത് അറിയാന്‍ താല്പര്യമുള്ള ധാരാളം പേര്‍ ഉണ്ടാകുമെന്ന് കരുതിയാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്..ഇതിനെ എതിര്‍ക്കുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടാകുമെന്ന് അറിയാം.. എന്നാലും എന്റെ അനുഭവം ആണ് ഇവിടെ കുറിക്കുന്നത്.:

പലരില്‍ നിന്നും പല ബുക്കുകളില്‍ നിന്നും നാഡി ജ്യോതിഷത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതൊന്നു പരീക്ഷിക്കണമെന്ന് തോന്നിയിരുന്ന  സമയത്താണ് പത്രത്തില്‍ നിന്നും നാഗര്‍കോവിലില്‍ ഉള്ള  കണ്ണന്‍ & കുലോത്തുങ്ങന്‍ എന്നീ  സഹോദരങ്ങളെക്കുരിച്ചു  അറിയാന്‍ ഇടയായത്.. ആ നമ്പരില്‍ വിളിച്ചു അപ്പോയിമെന്റ് എടുത്തു.അവര്‍ ‍ പേര് ചോദിച്ചപ്പോള്‍ ശരിക്കുള്ള പേരും  സ്ഥലവും ഒന്നും അല്ല പറഞ്ഞിരുന്നത്.കാരണം ഇനി അവര്‍ നമ്മുടെ വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിയാന്‍ വല്ല ആളെയും  വിട്ടാലോ എന്നൊരു ചിന്തയും ഇല്ലാതിരുന്നില്ല.

എന്റെ ഹസ്ബന്റിന്റെ  സഹോദരന്റെ ഭാര്യ  അവരുടെ വിവാഹത്തിനു മുന്‍പ്  രാമേശ്വരത്തിനടുത്ത് വൈതതീശ്വരന്‍  കോവിലില്‍ പോയി നാഡി  ജ്യോതിഷം നോക്കിയിരുന്നു. അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരാണ് . എന്നാല്‍  കുടുംബത്തിന്റെ ബെയിസ് തിരുവനന്തപുരത്തും.വിവാഹം താമസിക്കുന്നതുകൊണ്ടാണ് അവര്‍ നാഡി  ജ്യോതിഷം നോക്കാന്‍ പോയത്..അന്ന് അവരോടു  ജ്യോതിഷന്‍ പറഞ്ഞത്രേ  അകന്ന ബന്ധത്തില്‍ ഉള്ള ഒരാളാകും കല്യാണം കഴിക്കുക. അയാള്‍ക്ക്‌ 2 പേരുകള്‍ ഉണ്ടാകും. അതില്‍ ഒന്ന് ഗുരുവായൂരപ്പന്റെ പേരാകും എന്ന്. എന്റെ ഹസ്‌ബന്റിന്റെ  സഹോദരന്റെ പേര് സുഭാഷ് എന്നാണ് .. പെറ്റ് നെയിം  കണ്ണന്‍ എന്നും. അവരുടെ അകന്ന ബന്ധു ആണ് ഈ കുടുംബം...ഇതൊക്കെ കേട്ടപ്പോള്‍ ആണ് എനിക്കും അറിയാന്‍ ആഗ്രഹം തോന്നി തുടങ്ങിയത്.

അപ്പോയിമെന്റ് കിട്ടിയ ദിവസം ഞാനും ഹസ്ബന്റും പറഞ്ഞ സമയത്ത് തന്നെ അവിടെത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല അപ്പോയിമെന്റ് അനുസരിച്ച് മാത്രമേ ആളിനെ കാണുകയുള്ളൂ..ഞങ്ങള്‍ ചെന്ന ഉടന്‍തന്നെ എന്റെ ഇടത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഹസ്‌ബന്റിന്റെ വലത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഒരു വെള്ള പേപ്പറില്‍ മഷിയില്‍ മുക്കി  എടുത്തു.. നമ്മള്‍ വിരല്‍  അടയാളം എടുക്കുന്നപോലെ..ഇതില്‍ നിന്നും ആണ് നമ്മുടെ ഏട് കണ്ടെത്തുന്നത്..12 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇത്തരത്തില്‍ വിരലടയാളം എടുക്കൂ.. നമ്മള്‍ ഓരോരുത്തരുടെയും  തമ്പ്  ഇംപ്രഷന്‍ വ്യത്യാസമായിരിക്കും.ഈ ലോകത്തില്‍ അത് നമ്മള്‍ക്ക് മാത്രമേ കാണൂ.. അതാകുമല്ലോ പണ്ട് കാലങ്ങളില്‍ വിരലടയാളം പതിക്കുന്നതിന്റെ കാരണവും..

നാഡി  ജ്യോതിഷം പല വിഭാഗം ഉണ്ട്. അഗസ്ത്യ നാഡി  ആണ് ഇവര്‍ നോക്കുന്നത്. പിന്നെ ശിവ നാഡി ഉണ്ട്.. പണ്ടുകാലത്തെ മഹാ മുനിമാര്‍ ഈ ലോകത്തിലെ സകലരുടെയും ജാതകം ഈ വിധത്തില്‍ എഴുതി വച്ചിട്ടുണ്ടാത്രേ..  ആത്മാവ് ഇങ്ങനെ പല ശരീരങ്ങളില്‍ മാറി മാറി വരികയല്ലേ.അപ്പോള്‍ ഈ  ജന്മത്തിലെ എന്റെ ജാതകം കഴിഞ്ഞ ജന്മത്തില്‍ മറ്റൊരാളിന്റെതായിരിക്കും...ഇനി അടുത്ത ജന്മത്തില്‍ മറ്റൊരാളിന്റെതും.. മനുഷ്യരുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആത്മാവിന്റെ എണ്ണത്തില്‍ മാറ്റമില്ലത്രേ.

ഏട് കണ്ടെത്താനാണ്‌ സമയം എടുക്കുന്നത്..നമ്മുടെ തമ്പ്  ഇംപ്രഷനുമായി സാമ്യമുള്ള കുറെ ഏടുകളുടെ കെട്ടുകളുമായി അവര്‍ നമുക്ക് മുന്നിലെത്തും.എന്നിട്ട് അത് വായിച്ചു തുടങ്ങും..അച്ഛന്റെ പേര്, അമ്മയുടെ പേര്, സഹോദരങ്ങളുടെ എണ്ണം ജോലി ഇതൊക്കെയാണ് ഏട് കണ്ടെത്തുന്നതിനായി അവര്‍ വായിക്കുന്നത്. പേരുകള്‍ മുഴുവനായി ആകില്ല പറയുക.. ഓരോരോ അക്ഷരങ്ങള്‍ കണ്ടെതതിയാകും അവസാനം ഒരു പേരാക്കുക.ഇതിനെക്കുറിച്ച്‌ ഒരു ധാരണ മുന്നേ തന്നെ ഉണ്ടായിരുന്നത് കാരണം "ആണ്, അല്ല" എന്നീ  ഉത്തരങ്ങള്‍ മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്നും അവര്‍ക്ക് കിട്ടിയുള്ളൂ..കാരണം ഞങ്ങള്‍ അവരെ പരീക്ഷിക്കാന്‍ ആയിരുന്നല്ലോ അവിടെ പോയത്..

പലപ്പോഴും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ശരിയായി വരും.. സഹോദരങ്ങളുടെ എണ്ണം തെറ്റും.. അപ്പോള്‍ അത് നമ്മുടെ അല്ല എന്നര്‍ത്ഥം ..  എന്റെ ഏട് കണ്ടെത്തി.പല കെട്ടുകള്‍ നോക്കിയിട്ടും എന്റെ ഹസ്ബന്റിന്റെ ഏട് അവര്‍ക്ക് കണ്ടെത്താനായില്ല  .. അവസാനം ഒരു കേട്ട് താളിയോലകള്‍ മാത്രം അവശേഷിച്ചു.അതില്‍ക്കൂടി ഇല്ല എങ്കില്‍ 15 ദിവസം കഴിഞ്ഞു വരണമെന്ന് അവര്‍ പറഞ്ഞു. കാരണം ഇതൊക്കെ അവരുടെ പല പല കുടുംബങ്ങളില്‍ ആയി 15 ദിവസത്തില്‍ ഒരിക്കല്‍ മാറിക്കൊണ്ടേ ഇരിക്കുമത്രേ.  നമുക്ക് ആ ഏട് കാണുന്നതിനുള്ള സമയം ( യോഗം) ആയാല്‍ മാത്രമേ നമുക്ക് അത് കിട്ടുകയുള്ളൂ..നാഡീ  ജ്യോതിഷം എന്നത്തിന്റെ അര്‍ഥം തേടി വരുന്ന ജ്യോതിഷം എന്നാണത്രേ. നമുക്ക് ആ യോഗം എത്തുമ്പോള്‍ നമ്മള്‍ അത് തേടി അവിടെത്തും.. നമ്മള്‍ അവിടെ എത്തുന്ന സമയത്ത് നമ്മുടെ വയസ്സ് എത്രയെന്നു കൃത്യമായി ആ ഏടില്‍ പറഞ്ഞിരിക്കും. എന്തായാലും ആ അവസാന കെട്ടില്‍ ഹസ്ബന്റിന്റെ  ഏട് ഉണ്ടായിരുന്നു..നമ്മുടെ മാതാപിതാക്കളുടെയും നമ്മുടെയുമൊക്കെ പേരുകളും നാളുമൊക്കെ പറഞ്ഞു കേട്ടപ്പോള്‍ പരീക്ഷിക്കാന്‍ പോയ ഞങ്ങള്‍ക്ക് ഒന്നും പരീക്ഷിക്കേണ്ട എന്നായി.ഏടിനെക്കുരിച്ചു കൂടു
തല്‍ അറിയാനുള്ള ആഗ്രഹവും തുടങ്ങി..

ഞങ്ങളുടെ ഭൂത കാലവും, വര്‍ത്തമാന കാലവും വളരെ ശരിയായിരുന്നു. ഭാവി കാലം പക്ഷെ  അതില്‍ പറയുന്നപോലെ ഒന്നും നടന്നില്ല ഏട് നോക്കിയിട്ടുള്ള പലരും അത് പറയുന്നുണ്ട്.പക്ഷെ എന്റെ അടുത്ത ഒരു ബന്ധുവിന് അവന്റെ ഭാവിയെക്കുറിച്ച് പറഞ്ഞ മിക്കതും നടക്കുന്നുണ്ട്..നമ്മളുടെ  കര്‍മഫലം ഭാവിയെ ബാധിക്കും എന്നാണു അവര്‍ പറയുന്നത്. അതുകൊണ്ടാണ് പലപ്പോഴും ഭാവി കാര്യങ്ങള്‍ മാറിപ്പോകുന്നതത്രേ.

പിന്നെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് അറിയാന്‍ ശാന്തി കാണ്ഡം നോക്കി.നമ്മള്‍ എവിടെയാണ് ജീവിച്ചിരുന്നതെന്നും, എന്തൊക്കെയാണ് കാട്ടി കൂട്ടിയതെന്നുമൊക്കെ അതില്‍ അറിയാന്‍ കഴിയും. ...  കഴിഞ്ഞ ജന്മത്തില്‍  നമ്മള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുമായി അടുത്ത് ബന്ധമുള്ള പ്രശ്നങ്ങള്‍ ആകും നമുക്ക് ഈ ജന്മത്തില്‍  അനുഭവിക്കേണ്ടി വരിക നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് അറിയാമല്ലോ.നമുക്ക് തന്നെ ഒരു സ്വയം വിശകലനം നടത്തി അതില്‍ ഒരു തീരുമാനത്തില്‍ എത്താനാകും.. ഞങ്ങള്‍ക്ക് 2 പേര്‍ക്കുമുള്ള പ്രശ്നങ്ങള്‍  കഴിഞ്ഞ ജന്മത്തിലെ ഞങ്ങളുടെ പ്രവര്‍ത്തികളുമായി വളരെ അടുത്ത് ബന്ധമുള്ളതുതന്നെ ആയിരുന്നു.. പരിഹാരവും പറയുന്നുണ്ട്..പക്ഷെ ഇത്തരത്തില്‍ പാപം ഇല്ലാത്ത ജാതകനാണെങ്കില്‍ പരിഹാരം നോക്കേണ്ട .നേരത്തെ ഞാന്‍ സൂചിപ്പിച്ച ബന്ധുവിന് ശുദ്ധ ജാതകമാണ്.  അവനു ശാന്തികാണ്ഡം  നോക്കേണ്ട  ആവശ്യമില്ല എന്ന് ജ്യോതിഷന്‍ പറഞ്ഞു.

എന്റെ അടുത്ത ഒരു സുഹൃത്ത് ഞങ്ങളുടെ ഈ അനുഭവം കേട്ടിട്ട് ഇവരെ കാണാന്‍ പോയി. അവളുടെ  പ്രശ്നം കല്യാണം മാറി പ്പോകുന്നതായിരുന്നു.. ഇക്കാര്യം ജ്യോതിഷിയോട് പറഞ്ഞിരുന്നുമില്ല. പക്ഷെ ഏടില്‍ കഴിഞ്ഞ ജന്മം എടുത്തപ്പോള്‍ കണ്ടത് അന്നത്തെ അവളുടെ മുഖ്യ ജോലി കല്യാണം മുടക്കല്‍ ആയിരുന്നത്രെ. പിന്നെങ്ങനെയാണ് ഈ ജന്മത്തില്‍ കല്യാണം നടക്കുക. അവസാനം കുറെ പരിഹാരങ്ങള്‍ ഒക്കെ ചെയ്തു.കഴിഞ്ഞപ്പോള്‍  കല്യാണം നടന്നു.

ജ്യോതിഷികള്‍ തമിഴില്‍ ആകും പറയുക. താളിയോലയില്‍ കൊടും തമിഴ് ആണ്. അവര്‍ അല്‍പ്പം  മയപ്പെടുത്തി എല്ലാര്‍ക്കും മനസ്സിലാകുന്ന തമിഴില്‍ പറയും.. നമ്മുടെ ഏട് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഏട് വയനയാണ് . അത് റെക്കോര്‍ഡു  ചെയ്തു കാസറ്റില്‍  ആക്കി തരും.ഓരോ കാണ്ഡത്തിനും അന്ന് 150 രൂപ ആയിരുന്നു. ഇപ്പോള്‍ 250 ലും കൂടി കാണും.നമുക്ക് അറിയേണ്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാണ്ഡങ്ങള്‍ ഉണ്ട്. വിവാഹം, ജോലി, കുട്ടികള്‍ അങ്ങനെ എല്ലാം.

നമുക്ക് ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒറ്റവാക്കില്‍ പറയാം മുഴുവനും തട്ടിപ്പാണെന്ന്.പക്ഷെ തട്ടിപ്പ് കണ്ടു പിടിക്കാന്‍ പോയ ഞങ്ങള്‍ക്ക് മനസ്സിലായത്‌ നമുക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്നതാണ്.. ഏട് അതിലെ ഏറ്റവും ചെറിയ ഒരു കാര്യം.. ഇതുപോലെ എന്തെല്ലാം...പക്ഷെ ഇതിന്റെ പേരില്‍ മുതലെടുക്കുന്നവരും ഉണ്ടാകാം. അവരെ കണ്ടെത്തണം.അല്ലാതെ ഒന്നും മനസ്സിലാക്കാതെ എല്ലാം പറ്റിപ്പുകള്‍ എന്ന് പറയുകയല്ല വേണ്ടത്..

ആറ്റുകാല്‍ അമ്മ

കുറെ മാസങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ന് ആറ്റുകാല്‍ അമ്പലത്തില്‍ പോയി..മുന്‍പൊക്കെ മിക്കവാറും ദിവസങ്ങളില്‍ രാത്രി 7.45 ന്റെ പൂജ അറ്റന്‍ഡ് ചെയ്തു ശീവേലി കഴിയും വരെ നിന്ന്  അമ്മക്ക് ഗുഡ് നൈറ്റും പറഞ്ഞു പായസമൊക്കെ കഴിച്ചായിരുന്നു  വരവ്.. ഇപ്പോള്‍ കുറെ മാസങ്ങള്‍ ആയി എല്ലാ പതിവുകളും തെറ്റി.ഇന്നുമുതല്‍ വീണ്ടും ആ പതിവുകള്‍ തുടങ്ങിയിരിക്കുകയാണ്.

സാധാരണ ദീപാരാധനക്ക് നല്ല തിരക്കാവും അവിടെ.. എനിക്ക് തിരക്ക് ഇഷ്ടമല്ല.ദേവിയോട് അല്‍പ്പസമയം തനിച്ചു സ്വകാര്യത്തില്‍ ഒക്കെ  സംസാരിക്കണം. അതിനു തിരക്ക് പറ്റില്ല. അതുകാരണം ദീപാരാധന കഴിഞ്ഞു ഇടക്കുള്ള മറ്റൊരു പൂജയാണ് ഞാന്‍ കണ്ടെത്തിയ മാര്‍ഗം.. ആ സമയത്ത് ആള്‍ക്കാര്‍ കുറവാകും. പക്ഷെ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ ധാരാളം ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ ആ  സമയത്തും തിരക്കാവും.ഇന്ന് ആള്‍ക്കാര്‍ ധാരാളം ഉണ്ടായിരുന്നു. എന്നാലും എനിക്ക് അത് ഫീല്‍ ചെയ്തില്ല.. കാരണം ദേവി എന്നെ പ്രത്യേകമായി പരിഗണിച്ചു..തിരക്കിലും എനിക്ക് ദേവിയുടെ മുന്നില്‍ എത്താന്‍ പറ്റി ..വല്ലാത്തൊരു ആംബിയന്‍സ് ആണ് ആ ഒരു അന്തരീക്ഷത്തിനു. ഞാന്‍ ദേവിയോടു  പരാതികളും പരിഭവങ്ങളുമൊന്നും പറയാറില്ല. ചുമ്മാ നോക്കിയിരിക്കും. പക്ഷെ കുറെ നേരം കഴിയുമ്പോള്‍ മനസ്സിന്   ഭാരമില്ലാത്ത ഒരു അവസ്ഥയാകും.. അത് വല്ലാത്ത ഒരു ഫീല്‍ ആണ്.. മെഡിറ്റെറ്റു ചെയ്യുമ്പോള്‍ ഉള്ള അവസ്ഥ.എന്തെങ്കിലും വിഷമങ്ങളോ   ടെന്‍ഷനോ ഒക്കെ ഉള്ളപ്പോള്‍ ഈ  മാറ്റം പെട്ടെന്ന് അറിയാന്‍ സാധിക്കും.ഞാന്‍ ദേവിയോട്  സംസാരിക്കും എന്നൊക്കെ  സുഹൃത്തുക്കളോട് പറയുമ്പോള്‍ പലര്‍ക്കും ഞാന്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പറ്റാറില്ല. 

ഇന്ന് 7.45 ന്റെ പൂജയും അത്താഴ പൂജയും ശീവേലിക്കുമൊക്കെ കൂടി. അവസാനം പായസവും കിട്ടി ... അവിടെ പോകാത്ത മാസങ്ങളില്‍ എന്താ സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ത്തുപോയി..ഈ ഒരു നഷ്ടം എന്നെ ബോധ്യപ്പെടുത്താന്‍ ആകും എനിക്ക് ആ സമയത്ത് പോകാന്‍ തോന്നാതിരുന്നത്. അമ്പലത്തില്‍ പോയില്ലെങ്കിലും ഞാന്‍ എന്നും മനസ്സില്‍ ധ്യാനിക്കാറുണ്ടായിരുന്നു.അതുകൊണ്ട് ദേവിക്ക് പിണക്കമൊന്നും കണ്ടില്ല മുഖത്ത്‌..ഏറ്റവും മുന്നില്‍ നിന്ന് അമ്മക്ക് ഗുഡ് നൈറ്റ്  പറയാനും ഇന്ന് സാധിച്ചു. എല്ലാം കൊണ്ടും നല്ലൊരു ഞായറാഴ്ച ആയിരുന്നു ഇന്ന്.

ഫാദര്‍ ഡേവിസ് ചിറമേലുമായുള്ള ആദ്യ കൂടിക്കാഴ്ച

തിരുവനന്തപുരത്തുള്ള ജയചന്ദ്രന്‍ എന്ന ആളുടെ മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍  ദാനം നടത്തിയ പത്രവാര്‍ത്ത  കണ്ടിരുന്നു. ഒക്ടോബര്‍ 20 നു തിരുവനന്തപുരത്ത് നടന്ന,  ഫാദര്‍ ഡേവിസ്  ചിറമേല്‍ നയിച്ച മാനവ കാരുണ്യ യാത്ര,2012 ന്‍റെ  സമാപന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു..രണ്ടും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ല എങ്കിലും അതിലെ വിഷയം രണ്ടും  ഒന്നുതന്നെയാണല്ലോ... എനിക്ക് പറയാനുള്ളത് അവയവ ദാനത്തെ പറ്റിയല്ല. ഫാദര്‍ ഡേവിസിനെ പറ്റിയാണ് .. ടിവിയിലൊക്കെ കണ്ടുള്ള പരിചയമേ എനിക്ക് അദ്ദേഹവുമായി ഉള്ളൂ .ഈ ചടങ്ങിനു ഒരാഴ്ച മുന്‍പാണ്  ഏഷ്യാനെറ്റ്  ന്യൂസിലെ  അനില്‍ അടൂര്‍ എന്നെ വിളിക്കുന്നത്‌ . ഏഷ്യാനെറ്റ്‌ ആണ് ഈ ചടങ്ങിന്റെ ചാനല്‍ പാര്‍ട്ട്‌നര്‍ .. അതുപോലെ ഈ ചടങ്ങ് കോര്‍ഡിനെറ്റ് ചെയ്യുന്നതിലും അനിലിനു നല്ലൊരു പങ്കുണ്ട്. .സ്വാമി . സന്ദീപാനന്ദഗിരിയെ ആ  ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനു വേണ്ടി ഒന്ന് കോര്‍ഡിനെറ്റ് ചെയ്തു കൊടുക്കണം എന്ന ആവശ്യവുമായി ആയിരുന്നു അനില്‍ എന്നെ വിളിച്ചിരുന്നത്‌. സ്വാമിജി തിരുവനന്തപുരത്ത് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കാമെന്നു ഉറപ്പു തന്നു. എന്തായാലും ഞാന്‍ ചെയ്യുന്ന ഫ്രീ ഡയാലിസിസ്  പ്രോജക്ടിനോട് വളരെ അടുത്ത് നില്കുന്നു   ഈ ചടങ്ങ് എന്നതുകൊണ്ട്‌ ഇതില്‍ സംബന്ധിക്കണമെന്ന് നേരത്തെ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.ഒപ്പം അനിലും സ്വാമിജിയും ക്ഷണിക്കുകയും ചെയ്തു..എന്തായാലും പല ചടങ്ങുകള്‍ക്കും അവസാന നിമിഷത്തില്‍ ഉള്ള എന്റെ കാലുമാറ്റം  ഇവിടെ ഉണ്ടായില്ല .. ഞാന്‍ കൃത്യം 4.15 നു തന്നെ അവിടെത്തി 4.30 നായിരുന്നു ഫങ്ങ്ഷന്‍ .പരിചയമില്ലാത്തവരെ അഭിമുഖീകരിക്കുക എനിക്ക് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ്‌ പല പരിപാടികള്‍ക്കും അവസാന നിമിഷത്തില്‍ കാലു മാറുന്നത്.. അവിടെ ചെന്ന് കയറിയപ്പോള്‍ തന്നെ അനിലിന്റെ കൂടെ താടിയുള്ള ഒരു ചെറുപ്പക്കാരന്‍ വന്നു "എന്നെ പരിചയമുണ്ടോ" എന്ന് ചോദിച്ചു. എവിടെയോ കണ്ടു മറന്ന പോലെ ഒരു മുഖം..ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട " മറുനാടന്‍ മലയാളി " എന്ന ഓണ്‍ലൈന്‍  പത്രത്തിന്റെ സാരഥി-- ഷാജന്‍ സ്കറിയ.. ശരിക്കും അത്ഭുതം തോന്നി .ഈ അടുത്ത  ദിവസങ്ങളില്‍ ആണ് മറുനാടന്‍ മലയാളിയില്‍ ഒരു കോളം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നത്..ഇന്‍ഗ്ലണ്ടില്‍ നിന്നും അദ്ദേഹം എത്തിയാതെ ഉണ്ടായിരുന്നുള്ളൂ..കൃത്യം 4.30 നു തന്നെ പ്രോഗ്രാം തുടങ്ങി. മുന്‍ ഡിജിപി . ശ്രീ ജേകബ് പുന്നൂസ് , പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ട്ടാവ്  ശ്രി . ടി.കെ.എ .നായര്‍, ഫാദര്‍ ഡേവിസ്, സന്ദീപ്ജി തുടങ്ങി  നിരവധി വിശിഷ്ട വ്യക്തികള്‍ സദസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഈ ചടങ്ങിന്റെ ആകര്‍ഷണം ഇവയൊന്നുമായിരുന്നില്ല .. സ്വന്തം വൃക്കകള്‍  ദാനമായി നല്‍കിയ സ്ത്രീ പുരുഷന്മാരും ഏക മകന്   മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ അവയവ ദാനത്തിനു സന്നദ്ധരായ മാതാപിതാക്കളും ആ മകന്റെ അവയവങ്ങള്‍ സ്വീകരിച്ച സ്വീകര്‍ ത്താക്കളും  ഒക്കെ  ആയിരുന്നു. പിന്നെ , ഈ കൂട്ടായ്മക്ക് മുന്‍കൈ എടുത്ത ഡേവിസ് അച്ഛനും.

അതില്‍ ഏറ്റവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങളില്‍ ഒന്ന് തിരുവനന്തപുരം ജില്ലയിലെ അഞ്ചല്‍ സ്വദേശി ആശയുടെതാണ് .വൃക്ക രോഗിയായിരുന്ന സ്വന്തം ഭര്‍ത്താവിന്  മാറ്റി വക്കേണ്ട വയ്ക്കേണ്ട വൃക്ക അച്ഛന്റെ സഹായത്തോടെ ക്രോസ്സ് ഡോണേഷന്റെ ഭാഗമായി ലഭിച്ചപ്പോള്‍ അതിന്റെ ഭാഗമായി ആശ തന്റെ വൃക്ക മറ്റൊരാളിനു കൊടുക്കാന്‍ സന്നദ്ധയായിരുന്നു.. എന്നാല്‍ നിയമക്കുരുക്കില്‍പ്പെട്ടുള്ള താമസം കാരണം വൃക്ക മാറ്റിവക്കാതെ തന്നെ ആശയുടെ ഭര്‍ത്താവ് മരണപ്പെട്ടു.എന്നാല്‍ ആശയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല . ആശക്ക്‌ വേണമെങ്കില്‍ തന്റെ വൃക്ക ഇനി കൊടുക്കില്ല എന്നൊരു തീരുമാനം എടുക്കാമായിരുന്നു.പക്ഷെ വൃക്ക സ്വീകരിക്കേണ്ട ആ  രോഗിയും നിയമത്തിലെ കാലതാമസം കാരണം മരണപ്പെട്ടു.എന്നാല്‍ അപ്പോഴും ആശ തീരുമാനം മാറ്റിയില്ല അവസാനം മറ്റൊരു രോഗിക്ക് വൃക്ക ദാനം നടത്തി ആശ തന്റെ  ആഗ്രഹം നിറവേറ്റി ആശയും ആശയുടെ വൃക്ക സ്വീകരിച്ച ആളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു .

ഞങ്ങളുടെ  സൌജന്യ ഡയാലിസിസിനെക്കുറിച്ച് പറയുമ്പോള്‍ പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട് "ഇതില്‍ എന്താണ് ശ്രീജയുടെ ബെനിഫിറ്റ് ? എന്ന്". എന്തിലും സാമ്പത്തിക ലാഭം  മാത്രം നോക്കുന്ന ആള്‍ക്കാരുടെ വെറുമൊരു  ആകാംഷ .. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു   കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നെ മനസ്സിലായി  ഇത്തരം ചോദ്യം ചോദിക്കുന്നവരെ  പറഞ്ഞു മനസ്സിലാക്കിക്കാന്‍  നോക്കിയിട്ട് ഒരു കാര്യവുമില്ല എന്ന്.ഇപ്പോള്‍ അതിനെ അവഗണിക്കാന്‍ മനസ്സ് പഠിച്ചു.-ഒരു ചിരിയില്‍ ഉത്തരം കൊടുക്കാനാകും . ആശയും അതുപോലുള്ളവരും അനുഭവിക്കുന്ന മാനസിക സംതൃപ്തി എത്ര കാശുണ്ടെങ്കിലും വാങ്ങാന്‍ കിട്ടില്ലല്ലോ ..

അവയവ ദാനത്തിന്റെ മഹത്വം മനസിലാക്കിതരുന്ന രസകരമായ പ്രസംഗ ശൈലി ആണ് അച്ചന്റെത്. അച്ഛനെ പരിചയപ്പെടണം എന്ന ആഗ്രഹം അനിലിനോടു പറഞ്ഞപ്പോള്‍ ചടങ്ങിനു ശേഷം പരിചയപ്പെടുത്താം എന്ന് പറഞ്ഞു..ഫങ്ങ്ഷനില്‍  മറുനാടന്‍ മലയാളിയുടെ വകയായി 8 ലക്ഷത്തിന്റെ ഒരു ഡൊനെഷന്‍ കിഡ്നി  മാറ്റിവക്കാനുള്ള ഒരു രോഗിക്ക് നല്‍കുകയുണ്ടായി.  ചടങ്ങ് കഴിഞ്ഞപ്പോള്‍ അച്ഛനെ പരിചയപ്പെടാനുള്ള ആള്‍ക്കാരുടെ തിക്കും തിരക്കുമായിരുന്നു അവിടെ . പിന്നൊരു അവസരത്തില്‍ ആകാം പരിചയപ്പെടല്‍ എന്ന് വിചാരിച്ചു തിരിച്ചു പോകാന്‍ ഒരുങ്ങിയപ്പോള്‍  അച്ഛനെ പരിചയപ്പെടാനുള്ള അവസരം വന്നു ചേര്‍ന്നു . ടിവി പരിപാടികളിലൂടെ അച്ഛന് എന്നെ പരിചയമുണ്ടായിരുന്നു.  കിഡ്നി  ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണം എന്ന് പറഞ്ഞപ്പോള്‍  ടെലഫോണ്‍ നമ്പര്‍ തന്ന ശേഷം പിറ്റേ ദിവസം
രാവിലെ അദ്ദേഹത്തെ  വിളിക്കാന്‍ പറഞ്ഞു .

രാവിലെ തന്നെ അദ്ദേഹത്തെ വിളിച്ചു 9 മണിക്ക് കാണാം എന്ന് തീര്‍ച്ചപ്പെടുത്തി. അദ്ദേഹവുമായുള്ള 1 മണിക്കൂര്‍ സമയം വിജ്ഞാനപ്രദവും അതുപോലെ തന്നെ രസകരവും ആയിരുന്നു. തുടക്കം മുതലുള്ള
അദ്ദേഹത്തിന്റെ അനുഭവ കഥകള്‍ പങ്കുവച്ചു.
ഞാനും  എന്റെ ഈ 10 വര്‍ഷത്തെ ഡോക്ടര്‍മാരുമായുള്ള ചാനല്‍ ബന്ധങ്ങളും   ട്രസ്റ്റ് തുടങ്ങാനും  അതില്‍ സൌജന്യ ഡയാലിസിസ് പ്രോജക്റ്റ് കൊണ്ടുവരാനുള്ള കാരണവും ഒക്കെ  അദ്ദേഹത്തോട് വിവരിച്ചു.-

അവയവ ദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അദ്ദേഹം വാചാലനാകും.അദ്ദേഹം മരണ ശേഷം സ്വന്തം ശരീരം മെഡിക്കല്‍ കൊളേജിനു   നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബന്ധുക്കള്‍ അദ്ദേഹത്തോട് ചോദിച്ചത്രേ ഇതൊക്കെ ഒരു അച്ഛന് ചേര്‍ന്നതാണോ എന്ന്..ഏതൊരു കാര്യമാണെങ്കിലും പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുത്ത ശേഷം മാത്രം മറ്റുള്ളവരെ ആ രംഗത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. എന്നാല്‍ മാത്രമേ നമ്മുടെ വാക്കിനു വിലയുണ്ടാകൂ. ആര്‍ക്കു വേണമെങ്കിലും വലിയ വലിയ ആദര്‍ശങ്ങള്‍ പറയാം.അത് പ്രാവര്‍ത്തികമാക്കുക എന്നത് വളരെ കുറച്ചുപെര്‍ക്കുമാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണ്. അത്തരം ഒരു പ്രവര്‍ത്തിയാണ് അച്ഛന്‍ തുടങ്ങി വച്ചത്. സ്വന്തം വൃക്ക ദാനം നല്‍കിയ ശേഷം വൃക്ക ദാനത്തിന്റെ മഹത്വത്തെകുരിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ആള്‍ക്കാരില്‍ ഒരു അറിവ് ഉണ്ടാക്കുന്നു..ഒപ്പം മസ്തിഷ്ക മരണം നടന്നവരുടെ അവയവ ദാനം നടത്തുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും.അതിന്റെ ഭാഗമായാണ് കാസര്‍ഗോട്
കഴിഞ്ഞ സെപ്തംബര്‍ 30 നു തുടങ്ങി ഈ 20 നു തിരുവനന്തപുരത്ത്   അവസാനിച്ച  ഒരു മാസം നീണ്ടു നിന്ന മാനവ കാരുണ്യ യാത്ര,2012. വളരെ നല്ല പ്രതികരണം ആണ് ഈ യാത്രയിലൂടെ അച്ഛനും കൂട്ടര്‍ക്കും കിട്ടിയിരിക്കുന്നത് .മറ്റുള്ളവരുടെ മുന്നില്‍ ഒരു മാതൃകയായി കാണിക്കാന്‍ അച്ഛന്റെ സ്വന്തം നാടിനെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ അവയവദാന ഗ്രാമമാക്കി മാറ്റി.അവിടെയുള്ള എല്ലാവരും അവയവ ദാന ധാരണ പത്രത്തില്‍ ഒപ്പിട്ടു കഴിഞ്ഞു.

മൃത ശരീരത്തിനു അഞ്ചു ലക്ഷം രൂപ വരെ വിലയുണ്ടെന്ന് അച്ഛന്‍ പറഞ്ഞു അറിയാന്‍ കഴിഞ്ഞു.സെമിത്തേരിയില്‍ അടക്കം ചെയ്ത ഡെഡ് ബോഡീയെ ആരുമറിയാതെ അടിച്ചു മാറ്റി വില്‍ക്കുന്നതിനെകുറിച്ചും ഇതൊന്നുമറിയാതെ അച്ഛന്‍മാര്‍  കല്ലറയില്‍ പ്രാര്‍ഥന ചോല്ലുന്നതിനെകുറിച്ചുമെല്ലാം സംസാരിച്ചു. ഞങ്ങളുടെ മതത്തില്‍ അതെന്തായാലും നടക്കില്ല എന്ന് ഞാന്‍ തമാശയായി പറഞ്ഞു. ഹിന്ദുക്കള്‍ മരണമടഞ്ഞാല്‍ ശരീരം കത്തിച്ചുകളയുകയല്ലേ സാധാരണ ചെയ്യുന്നത്.ഭാവിയില്‍  സെമിത്തേരിയില്‍  കല്ലറക്ക്  ലക്ഷങ്ങള്‍ പള്ളി ഈടാക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്നും അപ്പോള്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പിടാത്ത മാതാപിതാക്കള്‍ ആണെങ്കില്‍ കൂടി മക്കള്‍ പറയും "അപ്പന്‍/ അമ്മ  നേരത്തെ തന്നെ പറഞ്ഞിരുന്നു മരണ ശേഷം എന്റെ  ശരീരം മെഡിക്കല്‍  കോളേജിനു  കൊടുക്കണമെന്ന്" എന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടാകുമെന്നും അച്ഛന്‍ പ്രതീക്ഷിക്കുന്നു., ഇതുപോലെ സന്ദര്‍ഭോചിതമായ നിരവധി തമാശകള്‍ കൊണ്ട് അച്ഛന്‍ അവയവ ദാനത്തിന്റെ പ്രസക്തിയും കിഡ്നി  ഫൌണ്ടേഷന്റെ  പ്രവര്‍ത്തനങ്ങളും വിവരിച്ചു തന്നു.
അദ്ദേഹത്തിന്റെ സംരംഭത്തിന്റെ ഭാഗമാകാനുള്ള എന്റെ ആഗ്രഹം  ഞാന്‍ അറിയിച്ചപ്പോള്‍ സമാന ചിന്താഗതിക്കാരായ വ്യക്തികളെയും സംഘടനകളെയും ഈ ഒരു സംരംഭത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റി അദ്ദേഹവും  ചിന്തിക്കുന്നുണ്ട് എന്ന് പറഞ്ഞു.എന്തായാലും ഇനിയും കാണാം എന്ന് പറഞ്ഞു ഹോട്ടലിലെ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ അക്ഷമരായി കാത്തുനില്‍ക്കുന്ന നിരവധി വ്യക്തികളെ റൂമിന് വെളിയില്‍ കാണാന്‍ സാധിച്ചു..ഇത് അവയവ ദാനത്തിന്റെ പ്രസക്തിയും ജനങ്ങള്‍ക്കിടയില്‍  അച്ഛന്  കിട്ടിയ ജനസമ്മതിയുമാണ് തെളിയിക്കുന്നത്.

മറവി പ്രശ്നങ്ങള്‍-- കാരണങ്ങള്‍ -- പരിഹാരങ്ങള്‍...

എന്റെ ഒരു സുഹൃത്തിനു വേണ്ടി ഞാന്‍ തയ്യാറാക്കിയ ഒരു നോട്ട് ആണിത്.. വായിച്ചു നോക്കിയപ്പോള്‍  ഇതേ പ്രശ്നമുള്ള മറ്റു പലര്‍ക്കും ഇത് പ്രയോജനപ്പെടാം എന്ന് തോന്നി.. ആവശ്യമുള്ളവര്‍ വായിച്ചു നോക്കുക.. അല്ലാത്തവര്‍ ഈ പോസ്റ്റിനെ വെറുതെ വിടുക..

                             മറവിക്ക് കാരണമായേക്കാവുന്നവ 
1  സാമ്പത്തിക പ്രശ്നങ്ങള്‍
2  ജോലിത്തിരക്കുകള്‍
3 .പല ജോലികള്‍ ഒരേസമയത് ചെയ്യേണ്ടതായ സാഹചര്യങ്ങള്‍
4 . വീട്ടിലെ ഉത്തരവാദിത്വം
5 . ഓര്‍മിപ്പിക്കാന്‍ ഒരു ആളില്ലാത്തത്.
6 . മറവി രോഗം.
                                                                                     പരിഹാരം..
 അല്‍പ്പം ചില നുറുങ്ങു വിദ്യകളിലൂടെ രോഗമല്ലാത്ത അവസ്ഥയിലുള്ള മറവി  പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം എന്നാണു എന്റെ വിശ്വാസം..... ആ വ്യക്തികളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍...മറവി രോഗമാണെങ്കില്‍ ഒരു ഡോക്ടറുടെ വിദഗ്ദ്ധ ചികിത്സ തന്നെ വേണം...

ജോലിത്തിരക്കുകള്‍,പല ജോലികള്‍ ഒരേസമയത് ചെയ്യേണ്ടതായ സാഹചര്യങ്ങള്‍, വീട്ടിലെ ഉത്തരവാദിത്വം ,
ഓര്‍മിപ്പിക്കാന്‍ ഒരു ആളില്ലാത്തത്. തുടങ്ങിയ പ്രശ്നങ്ങള്‍ നിലനിര്‍ത്തി കോണ്ടു തന്നെ നമുക്ക് ഒരു പരിഹാരം നോക്കാം.
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പല സാധനങ്ങളും  എടുക്കാന്‍ മറക്കുന്ന കാരണം പലതവണ വീട്ടിലേക്കു മടങ്ങി വരേണ്ട അവസ്ഥയാണ് പ്രധാന പ്രശ്നമായി  പലര്‍ക്കും ഉള്ളത്.. അതിലേക്കു വരുന്നതിനു മുന്‍പ് ഒരു ദിവസം തുടങ്ങുന്ന നേരം മുതല്‍ തന്നെ നമ്മുടെ മറവി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങണം..
 ഉണര്‍ന്നാല്‍ ഉടന്‍ പ്രാര്‍ഥനയോ മറ്റോ  ഉണ്ടെങ്കില്‍  അത് ചെയ്യു.. അതിനു ശേഷം ഒരു 10 മിനിറ്റ് സമയം ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കായി മാറ്റി വയ്ക്കണം.. 10മിനിറ്റ് മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ അതില്‍ നിന്നും ലാഭം കിട്ടും.

 ആദ്യം അന്ന് ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ മനസ്സില്‍ ഒന്ന് കുറിച്ച് വക്കു... അതും ഓര്‍ഡറില്‍ വേണം. ആദ്യം ചെയ്യേണ്ടവ ആദ്യം.. അങ്ങനെ വീട്ടില്‍ നിന്നും ഇറങ്ങുന്ന വരെയും.. പിന്നെ അതിനു ശേഷവും  ഉള്ളവ - പ്രത്യേകിച്ച് ഓര്‍ത്തു വക്കേണ്ടവയായി ഉണ്ടെങ്കില്‍ അവയും -- ആരെയെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ അങ്ങനെ എല്ലാം. ഇനി ആണ്  ഇവയെ ഒരു ഡയറിയിലെക്കോ ,  പേപ്പറിലെക്കോ  പകര്‍ത്തേണ്ട  ജോലി.. അതും മനസ്സില്‍ ഓര്‍ത്ത ഓര്‍ഡറില്‍ തന്നെ വേണം...പകര്‍ത്തി എഴുതിയില്ല എങ്കില്‍ ഇതുവരെ  ഓര്‍ത്തിരുന്നതില്‍ ഒരു പ്രയോജനവും ഇല്ലാതെ വരും...എല്ലാം മനസ്സില്‍ നില്‍ക്കും - എഴുതേണ്ട കാര്യമില്ല എന്നൊക്കെ ആദ്യം തോന്നും.. എന്നാലും നമ്മുടെ പ്രശ്നം മറവി ആണെന്നും അത് പരിഹരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഓര്‍ത്താല്‍ എഴുതി വക്കാന്‍ തനിയെ തോന്നിക്കോളും..

ആദ്യം ചെയ്യുന്ന ജോലി മുതല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്ന വരെ ഉള്ളവ ആദ്യം എഴുതണം...എന്നിട്ട് ഓരോ ജോലി ചെയ്തു കഴിയുമ്പോഴും  ഈ പേപ്പറില്‍  ഒന്ന്  നോക്കി  എഴുതിയവ എല്ലാം പൂര്‍ണമാക്കിയോ എന്ന്  ചെക്ക് ചെയ്യണം..അത് അത്യാവശ്യമാണ്.. അങ്ങനെ എല്ലാം ഇതുപോലെ ചെയ്തു തീര്‍ക്കണം.. അതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങേണ്ട സമയത്ത് കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് നോക്കി എല്ലാം എടുത്തു വയ്ക്കണം.ലിസ്റ്റ് ഉള്ളത് കോണ്ടു മറക്കില്ലല്ലോ..അതിനു ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് ഉണ്ടാക്കേണ്ടത്.. കാണേണ്ട ആള്‍ക്കാരുടെ ലിസ്റ്റ്, ചെയ്യേണ്ട ജോലികള്‍ അങ്ങനെ എല്ലാം... പിന്നെ ഓഫീസിലേക്ക്..ഉച്ച ആകുമ്പോഴെക്കും   അതുവരെ ഉള്ള കാര്യങ്ങള്‍ പേപ്പറില്‍ നോക്കി ഒന്ന് ചെക്ക് ചെയ്യണം...മറ്റെന്തെങ്കിലും കൂടി ചെയ്യേണ്ടതായി ഉണ്ടെങ്കില്‍ അത് ആഡ് ചെയ്യാം.. ഇത് ഓഫീസില്‍ ആയാലും പുറത്തു ആയാലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആണ്..എഴുതി വച്ചിരിക്കുന്ന  പേപ്പര്‍ പോക്കറ്റില്‍ / ബാഗില്‍  ഇട്ടിരുന്നാല്‍ മതിയല്ലോ..

വൈകുന്നേരം വീട്ടില്‍ എത്തിയശേഷം അന്ന് ചെയ്ത ജോലികളും കയ്യിലുള്ള പേപ്പറുമായി ഒന്ന് ഒത്ത് നോക്കണം... എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് നോട്ട് ചെയ്തു വക്കണം.. ചെയ്തവ ടിക്ക് ചെയ്യണം..ചെയ്യാത്തവ ഇന്റു മാര്‍ക്ക് ഇടണം.. അതിനെ അടുത്ത ദിവസത്തേക്ക് മാറ്റി വക്കണം. കിടക്കാന്‍ നേരവും അന്ന് ചെയ്യേണ്ട എല്ലാ ജോലികളും തീര്‍ത്തിട്ടാണോ  കിടക്കുന്നതെന്ന് ഒരു 5 മിനിറ്റ്  ചിന്തിക്കണം. വേണമെന്നുണ്ടെങ്കില്‍ പിറ്റേന്ന് ചെയ്യേണ്ട ജോലികളോ കാണേണ്ട ആള്‍ക്കാരുടെ ലിസ്റ്റോ  ഒക്കെ മനസ്സില്‍ കുറിച്ചും വയ്ക്കാം.. പിറ്റേന്ന് രാവിലെ അന്നത്തെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ തലേ ദിവസം  വിട്ടുപോയ കാര്യങ്ങള്‍ അന്നത്തെ പേപ്പറില്‍ നോക്കി പകര്‍ത്തണം..അതും കൂടി ആ ദിവസത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.. ഇങ്ങനെ ഒരു മാസം കൃത്യമായി  ചെയ്‌താല്‍  പിന്നെ  ഇതൊരു റുട്ടീന്‍ ആകും..  മറവിയും പോയികിട്ടും..സ്വാഭാവികമായും നമ്മുടെ  ഓര്‍മശക്തിയും കൂടും...പല കാര്യങ്ങള്‍ ചെയ്യാനുണ്ട് എല്ലാം മറക്കുന്നു എന്ന തോന്നല്‍ തന്നെ നമുക്ക് ടെന്‍ഷന്‍ ഉണ്ടാക്കുകയും ഒപ്പം നമ്മുടെ മറവി കൂട്ടുകയും ചെയ്യും...അതുകൊണ്ട് ഞാന്‍ ഇപ്പറഞ്ഞ രീതിയില്‍ ഒരു മാസം ഒന്ന് ശ്രമിച്ചു നോക്കു.. ഇടയ്ക്കിടയ്ക്ക് ഞാന്‍ ഓര്‍മപ്പെടുത്താം .. ലിസ്റ്റ് എടുക്കാന്‍ മറന്നോ എന്ന്.. ഹഹഹഹ ...
--

എന്റെ ദീപാവലി ഓര്‍മ്മകള്‍..

ചുറ്റും പടക്കങ്ങളുടെ കാത്  പൊട്ടിക്കുന്ന ശബ്ദമാണ് ഇപ്പോള്‍....ഞാന്‍ പൊതുവേ പടക്കങ്ങളോ  പൂത്തിരികളോ ഒന്നും  വാങ്ങാറില്ല. അതിനു പിന്നില്‍ എന്നെ ഭയപ്പെടുത്തുന്ന ഓരോര്‍മയുണ്ട്. ...എനിക്ക് പടക്കത്തിന്റെ ശബ്ദം  പേടിയാണ്..അതിന്റെ ശബ്ദം കുഞ്ഞുന്നാളില്‍ എന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്‌.. ദീപാവലി എന്ന് കേള്‍ക്കുമ്പോഴേ ഞാന്‍  പേടിച്ചു വിറക്കുമായിരുന്നു..എന്റെ നാട്ടില്‍ ദീപാവലിക്ക് ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ പടക്കം പൊട്ടിച്ചു തുടങ്ങും..നാട്ടിന്‍ പുറമാണ്..ചുറ്റും ബന്ധുക്കളാണ് താമസിക്കുന്നത്.  അവിടെയൊക്കെ എന്റെ സമപ്രായക്കാരും ധാരാളം ഉണ്ട്.അവരൊക്കെ ധീരന്മാരും ധീരകളുമാണ്. കയ്യില്‍ പൂത്തിരി വച്ച് കത്തിക്കുന്നവര്‍..സ്വന്തമായി പടക്കം പൊട്ടിക്കുന്നവര്‍. അവരുടെ മുന്നില്‍ ഞാന്‍ വെറും പേടിച്ചു തൂറി പെണ്ണ്.

ദീപാവലി അടുത്താല്‍ സന്ധ്യ സമയത്തും രാവിലെയും ഞാന്‍ വീടിനു പുറത്തിറങ്ങില്ല.ആ സമയത്താണ് പടക്കം പൊട്ടിക്കല്‍ ചടങ്ങുകള്‍ അരങ്ങേറുന്നത്.എന്റെ  ഈ പ്രശ്നങ്ങള്‍ അറിയാവുന്ന സമപ്രായക്കാരായ  കസിന്‍സ് എന്റെ തലവെട്ടം കാണാന്‍ കാത്തു നില്‍ക്കും.. പടക്കം പൊട്ടിക്കാന്‍ ..അതും പടക്കത്തിന്റെ  ശബ്ദം കൂട്ടാന്‍ വേണ്ടി  അതിനു മുകളില്‍  വലിയ പാത്രം കമഴ്ത്തി വച്ചു പൊട്ടിക്കും.. എനിക്ക് പടക്കത്തിന്റെ ശബ്ദം മാത്രമല്ല പൊട്ടിക്കുന്നു എന്ന തോന്നല്‍ പോലും പേടി ഉണ്ടാക്കും. എന്റെ ശരീരമൊക്കെ  അപ്പോള്‍ തണുപ്പാകും.. ആ ദിവസങ്ങളില്‍ ഞാന്‍ ബന്ധു വീടുകളുടെ  പരിസരത്ത് പോലും പോകാറില്ല..

വെടിയുള്ള അമ്പലങ്ങളില്‍ ഒന്നും ഞാന്‍ ആ സമയത്ത് പോകില്ലായിരുന്നു. എന്റെ ഈ പേടി കാരണം എന്റെ വീട്ടില്‍ മാത്രം പൊട്ടുന്ന പടക്കങ്ങള്‍ വാങ്ങില്ല പൂത്തിരിയും തറച്ചക്രവുമൊക്കെ മാത്രം. അതും എനിക്ക് പേടിയാണ്. തലയില്‍ കൂടി പുതപ്പു മൂടി ജനലരികത്ത് നിന്ന് ഒളിഞ്ഞു നോക്കിയാണ്  ഞാന്‍ ഇവയൊക്കെ  കാണുന്നത്. ഇനി എങ്ങാനും ഇവയങ്ങു പൊട്ടിയാലോ..അതൊക്കെ കൊണ്ട് തന്നെ ദീപാവലി നാള്‍ എപ്പോഴും എന്റെ പേടി സ്വപ്നമായിരുന്നു.

പിന്നെ ദീപാവലി ദിവസങ്ങളിലുള്ള എണ്ണ  തേച്ചു കുളി.. അത് നല്ല രസമാണ്.. സാധാരണ മറ്റെല്ലാ ദിവസങ്ങളിലും  വീട്ടിലാണ് കുളിക്കേണ്ടത്..ആ ദിവസം പക്ഷെ വീടിനു മുന്നിലുള്ള തോടില്‍ കുളിക്കാനുള്ള അനുവാദമുണ്ട്..അവിടെ ഞങ്ങള്‍ക്ക് മാത്രമായി ഒരു ചെറിയ കടവുണ്ട്..നല്ല ശുദ്ധമായ വെള്ളവും.ഭാഗ്യത്തിന് ആ പരിസരത്ത് ആള്‍ താമസം ഇല്ലാത്തതുകാരണം എനിക്ക് പടക്കത്തെയും പേടിക്കേണ്ട..

ദീപാവലി നാളില്‍  ഞങ്ങളുടെ നാട്ടില്‍ എല്ലായിടങ്ങളിലും നോണ്‍.വെജിറ്റെറിയന്‍ ആഹാരം ആണ്  കഴിക്കാറ് പതിവ്. എന്നാല്‍ എന്റെ വീട്ടില്‍ മീന്‍ ഒഴികെ മറ്റൊന്നും ഉപയോഗിക്കില്ല അതുകാരണം നല്ല വെജിറ്റെറിയന്‍  ആഹാരമേ ഉണ്ടാകൂ..വിവാഹത്തിനു ശേഷം എന്റെ ഹസ്ബന്റു ഈ ദിവസം അവരുടെ വീട്ടില്‍ അമ്മ ഉണ്ടാക്കുമായിരുന്ന  സ്പെഷ്യല്‍ മട്ടന്‍ കറിയെപ്പറ്റി  പറയാറുണ്ട്‌. ഈ ദിവസമാകും അപ്പോഴൊക്കെ കോഴിയെയും ആടിനെയുമൊക്കെ കഴിക്കുക.. ദീപാവലി എത്താന്‍ വേണ്ടിയുള്ള  കാത്തിരിപ്പാകുമത്രേ അവര്‍ക്ക്..

 ആദ്യമൊക്കെ ഞാന്‍ രണ്ടു കാതിലും കൈ കൊണ്ട് പൊത്തി പിടിച്ചാണ് അമ്പലങ്ങളില്‍ പോകാറുള്ളത്..അമ്പലത്തിന്റെ പരിസരത്ത് എത്തുന്നതിനു മുന്‍പേ തന്നെ ഈ ചടങ്ങ് ആരംഭിച്ചിരിക്കും. എന്നിട്ട്  വെടി  പൊട്ടിക്കുന്ന  ആളിനെ നോക്കി നിന്ന് തൊഴാറാണ്  പതിവ്..അയാള്‍ എവിടെയാണ് നില്‍ക്കുന്നതെന്നു അറിയാനുള്ള പരതിയുള്ള എന്റെ നോട്ടം ഇപ്പോഴും ഓര്‍മയുണ്ട്.. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ അറിയാതെ ചിരിച്ചുപോകും  ഇവരൊക്കെയാണ് ആ പ്രായത്തിലെ എന്റെ പേടി സ്വപ്‌നങ്ങള്‍.. ഞങ്ങളുടെ വീടിനു അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിലെ വെടി  വയ്പ്പുകാരനോട് ഞാന്‍ അമ്പലത്തില്‍ നിന്നും പോയ ശേഷമേ വെടി  പൊട്ടിക്കാവൂ എന്ന് അഭ്യര്‍ത്ഥിക്കാറുണ്ടായിരുന്നു..എന്റെ മുഖത്തെ ദയനീയത കണ്ടാകും അയാള്‍ അത് അനുസരിക്കുകയും ചെയ്യുമായിരുന്നു .  വെടി ശബ്ദത്തോടുള്ള  എന്റെ  പേടി മാറിയത്  ആറ്റുകാല്‍ അമ്പലത്തില്‍ സ്ഥിരമായി  പോയി തുടങ്ങിയ ശേഷമാണ്. അവിടെ എപ്പോഴും വെടി  ശബ്ദമല്ലേ..ഇപ്പോള്‍ പടക്കം പൊട്ടിക്കുന്നതൊക്കെ  നോക്കി നിന്ന് കാണാറുണ്ട്‌ ഞാന്‍ .. എന്റെ ഈ ധൈര്യം കണ്ടു കഴിഞ്ഞ ദിവസം ആറ്റുകാല്‍ അമ്പലത്തില്‍ പോയപ്പോള്‍ എന്റെ ഹസ്ബന്റു  ചോദിച്ചു നിന്റെ പടക്ക പേടിയൊക്കെ മാറിയോ എന്ന്  -- ഞാന്‍ ഇപ്പോള്‍ ഒരു ധീരവനിതയല്ലേ എന്ന് മറുപടിയും കൊടുത്തു..

നമ്മുടെ പല ഫോബിയകളും ( അകാരണ ഭയം  ) നമുക്ക് ഈ രീതിയില്‍ മാറ്റിയെടുക്കാം..പേടിയുള്ള കാര്യങ്ങള്‍ സ്ഥിരമായി ചെയ്യാന്‍ ശ്രമിക്കുക  -- ആദ്യം പേടിയോടെ -- പിന്നെ  അല്‍പ്പം ധൈര്യത്തോടെ. അങ്ങനെ  പതുക്കെ പതുക്കെ അത് മാറിക്കോളും.പലര്‍ക്കും ഇരുട്ടിനെ പേടിയാണ്.പിന്നെ പാറ്റ , ചിലന്തി.... അതുപോലെ ലിഫ്റ്റില്‍ കയറാന്‍ പേടിയുള്ളവര്‍.. എനിക്കും ആദ്യകാലങ്ങളില്‍ തനിയെ ലിഫ്റ്റില്‍ കയറാന്‍ പേടിയായിരുന്നു..പേടി കാരണം ഫ്ലാറ്റുകളിലെ 11 നിലകള്‍ ഒക്കെ ഞാന്‍ നടന്നു കയറി ആ ഫ്ലാറ്റ് റൂമില്‍ എത്തുമ്പോള്‍ അതെപറ്റി ആരെങ്കിലും ചോദിച്ചാല്‍  ആരോഗ്യകരമായ ജീവിതത്തിനു നടത്തയുടെ  ആവശ്യകതയെ കുറിച്ച് അവിടെയുള്ളവര്‍ക്ക്  ഞാന്‍  ക്ലാസുകള്‍ എടുക്കുമായിരുന്നു . അവരോടു പറയാന്‍ പറ്റില്ലല്ലോ എനിക്ക് പേടിയായിട്ടാണ്  ഇത്രയും നിലകള്‍ ഞാന്‍ നടന്നു കയറിയതെന്ന്.. പക്ഷെ സ്ഥിരമായി ലിഫ്റ്റില്‍ കയറേണ്ട സാഹചര്യം വന്നപ്പോള്‍ ആ പേടിയൊക്കെ മാറി..അങ്ങനെ ഈ ദീപാവലി നാളില്‍ എന്റെ ഈ ലേഖനം വായിച്ചു ആര്‍ക്കെങ്കിലുമൊക്കെ  ധൈര്യം വരുന്നെങ്കില്‍ വന്നോട്ടെന്നേ ..

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ആവലിയായ ഈ ഉത്സവനാളിന്റെ ഉത്ഭവത്തെപ്പറ്റി ഐതിഹ്യങ്ങള്‍ ഏറെയാണ്‌. ശ്രീരാമന്‍ 14വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ പുതുക്കലിനായാണ്   ദീപാവലി ആഘോഷിക്കുന്നത്  എന്നും അതല്ല ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് ഈ ഉത്സവം എന്നുമോക്കെയാണ് കഥകള്‍. ഐതിഹ്യങ്ങള്‍ എന്തുതന്നെയായാലും ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി ദിനം  ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിയിച്ചും  പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും  ആഘോഷമായ  ദീപാവലി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേപേരിലും മറ്റുഭാഷകളില്‍ ദിവാലി എന്ന പേരിലും ആചരിക്കുന്നു.

നമ്മുടെ കേരളത്തില്‍ തന്നെ ഓരോ ജില്ലയിലും ദീപാവലി ആഘോഷങ്ങള്‍ വ്യത്യസ്തമാണ്..തിരുവനന്തപുരത്
ത് പടക്കവും പൂത്തിരിയും കൊളുത്തി ആഘോഷിക്കുമ്പോള്‍ കണ്ണൂരില്‍ പടക്കങ്ങള്‍ ഇല്ലാതെയാണ് ആഘോഷം.. പാലക്കാട് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍  മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഗംഭീരമായി ആഘോഷിക്കുമ്പോള്‍ മറ്റു ചില ജില്ലക്കാര്‍ക്ക് ദീപാവലി ദിനത്തില്‍  ആഘോഷങ്ങളെ  ഇല്ലത്രേ.

പൂത്തിരിയും പടക്കങ്ങളും  പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ മനുഷ്യരുടെയും പക്ഷി മൃഗാദികളുടെയും ആരോഗ്യത്തിനും പ്രകൃതിക്ക് തന്നെയും ഹാനികരമാണെന്ന്   ആരോഗ്യ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.. പടക്കങ്ങള്‍ക്ക് വില നാള്‍ക്കുനാള്‍   കൂടുന്നുണ്ടെങ്കിലും  അവയുടെ ഉപയോഗത്തിന് യാതൊരു കുറവും ഉണ്ടാകുന്നില്ല..ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ  പാര്‍ട്ടികളുടെ വിജയാഘോഷങ്ങള്‍ക്കും, പുതുവല്‍സരാഘോഷങ്ങള്‍ക്കും  ഒഴിച്ചുകൂടാനാവാത്ത വസ്തുവായി പടക്കം മാറിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ഉത്സവ സീസണുകളില്‍  എത്രപേരാണ് പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ചു മരിച്ചു എന്നോ അല്ലെങ്കില്‍  അംഗവൈകല്യം വന്നു എന്നോ  പറഞ്ഞു നമ്മള്‍ പത്രങ്ങളില്‍ വായിക്കാറുള്ളത്‌.അതുകൊണ്ട് തന്നെ പ്രകൃതി സ്നേഹികളും മനുഷ്യ സ്നേഹികളുമായ ഒരു വലിയ വിഭാഗം ആള്‍ക്കാര്‍   നിയമം മൂലം ഇതിന്റെ ഉപയോഗം കുറയ്ക്കുകയോ അല്ലെങ്കില്‍ നിര്‍ത്തലാക്കുകയോ ചെയ്യണം എന്നു   പറയുന്നുണ്ട്..

എന്നിരുന്നാലും പൂത്തിരിയുടെയും  ഇടിഞ്ഞില്‍ വിളക്കുകളുടെയും സൌന്ദര്യം ദീപാവലിക്ക് ഒഴിച്ചുകൂടാന്‍  പറ്റാത്തത് തന്നെയാണ്. ദീപാവലിയുടെ  പ്രകാശം നമ്മിലുണ്ടാക്കുന്ന ഊര്‍ജവും എടുത്തു പറയത്തക്കതാണ്.  ദുഷ്ടതക്ക് മേല്‍ ഉള്ള നന്മയുടെ വിജയം എന്നും ഐശ്വര്യം നിറഞ്ഞതും പ്രകാശ പൂരിതവുമാകട്ടെ എന്ന് നമുക്ക് ആശിക്കാം...

Wednesday 13 June 2012

 അമ്മയാണത്രേ  അമ്മ ..ഇങ്ങനെയും അമ്മമാരുണ്ടോ?

പത്തു  മുപ്പതു വയസു പ്രായവും സമൂഹത്തില്‍ നിലയും  വിലയും ഉള്ള ഈ മകള്‍ വീട്ടിലേക്കു കയറി വരുമ്പോള്‍ അമ്മക്ക് ഒന്ന് എഴുന്നേറ്റു  നിന്ന് ബഹുമാനിച്ചാല്‍ എന്താ?..ഇരിക്കുന്ന ഈസി ചെയറില്‍ നിന്നും ഒന്ന് എഴുനേല്‍ക്കുക പോലും ഇല്ല.. ഒന്നുമില്ലേലും വയസ്സ് പത്തെഴുപത്‌ ആയില്ലേ? ... അതിന്റെ മര്യാദ എങ്കിലും കാണിച്ചുകൂടെ?...വയസ്സായാല്‍ മാത്രം പോര വകതിരിവുകൂടി വേണം... അമ്മയാണത്രേ  അമ്മ

ആരും ഞെട്ടണ്ട..ഒരു തമാശ പറഞ്ഞതാണ്‌...

ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത്‌ ഫോണിലൂടെ  ഇത് പറഞ്ഞു എന്നെ കുറെ ചിരിപ്പിച്ചു....പ്രായമായ മാതാ പിതാക്കളോട് മക്കള്‍ എങ്ങനെ പെരുമാറണം എന്നതിനെ പറ്റി എനിക്ക് ഒരു ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം..ഞാന്‍ നന്നാവില്ല എന്ന് എനിക്ക് നന്നായി അറിയാമെങ്കിലും മിക്കവാറും ഇത്തരം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാറുണ്ട് ..
മക്കള്‍ എത്ര വലിയവര്‍ ആയാലും മാതാപിതാക്കള്‍ക്ക് അവര്‍ ഏപ്പോഴും കുട്ടികള്‍ തന്നെ ആയിരിക്കും.പ്രത്യേകിച്ചും അമ്മമാര്‍ക്ക്.അതുകൊണ്ട് തന്നെ അവരോടു പെരുമാറുമ്പോള്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ ഒക്കെ മറന്നു അവരുടെ മക്കള്‍ മാത്രമായിരിക്കാന്‍ ശ്രമിക്കണം.. നമ്മുടെ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഉള്ള വ്യക്തികള്‍ക്കും താഴ്ന്ന നിലയില്‍ ഉള്ളവര്‍ക്കും ഇത് ബാധകമാണ്... അതാണ്‌ മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധം..വളരെ ഉയര്‍ന്ന നിലയില്‍ ഉള്ള മക്കള്‍ മാതാപിതാക്കളെ  ഈ രീതിയില്‍ കാണാന്‍ ശ്രമിക്കാതിരിക്കുമ്പോള്‍ ആണ്  അമ്മയാണത്രേ  അമ്മ  എന്നൊക്കെ നമുക്ക് തമാശയായി എഴുതേണ്ടി വരുന്നത്.....

തമാശയാണെങ്കിലും അല്പം ചിന്തക്ക് വകയുള്ള വിഷയമല്ലേ ഇത്?